ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ സർക്കാരിനോട് വിദ്വേഷമോ അവഹേളനമോ അസംതൃപ്തിയോ ഉളവാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു സംസാരവും പദപ്രയോഗവും പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ഐപിസിയിലെ സെക്ഷൻ 124 എ (രാജ്യദ്രോഹം). ഇത് ജാമ്യമില്ലാ വകുപ്പാണ്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുതയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിശദമായി വാദം കേൾക്കും. വിശാല ബെഞ്ചിന് അയക്കണമോയെന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ തിങ്കളാഴ്ച്ച വരെ സമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഹർജികൾ വീണ്ടും പരിഗണിക്കും. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ മറുപടി നൽകാൻ നേരത്തെ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കൊളോണിയൽ കാലത്തെ ശിക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.