തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 70.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര വിജ്ഞാപനം. അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങളും ഈ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷികള്‍ ഉള്‍പ്പെടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ നിയന്ത്രണം ഏര്‍പ്പെടുത്തും. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചതോടെ വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും .ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തടിമില്ലുകള്‍, ക്വാറികള്‍, മറ്റുനിര്‍മ്മാണങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണമുണ്ടാവും. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം ഇപ്പോള്‍ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ പരാതികളും അഭിപ്രായങ്ങളും അറിയിക്കാം.