കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് നിഴൽ. നയൻതാരയാണ് ചിത്രത്തിലെ നായിക എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ഫോട്ടോ ഓൺലൈനിൽ തരംഗമായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സിനിമ ചിത്രീകരണം നടത്തുന്നത് എന്ന സൂചിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം ഷെയർ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. സംവിധായകനൊപ്പം അരുൺലാൽ എസ് പിയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സ്റ്റെഫി സേവ്യർ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിർവഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണൻ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.