Spread the love

ഒരു ശരാശരി സിനിമ പ്രേമിയെ സംബന്ധിച്ച് ഫെബ്രുവരിയിൽ ചാകരയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് മലയാളികൾ കാത്തിരിക്കുന്നതും തിയേറ്റർ കൈയൊഴിഞ്ഞതുമായ നിരവധി ചിത്രങ്ങളാണ്.

ഷെയ്ൻ നി​ഗം നായകനായ ആദ്യ തമിഴ് ചിത്രം മദ്രാസ്കാരനാണ് ഫെബ്രുവരി ഏഴിന് ഒടിടിയിൽ എത്തുന്ന ചിത്രം. ആഹാ തമിഴി-ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ബോക്സോഫീസിൽ കൂപ്പുക്കുത്തിയ ചിത്രത്തിന് മുടക്കുമുതൽ പോലും തിരികെ പിടിക്കാനായിരുന്നില്ല. കലൈയരസൻ, നിഹാരിക കൊനിഡേല ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതേ ഫെബ്രുവരി ഏഴിന് മമ്മൂട്ടിയുടെ കൾട്ട് ക്ലാസിക് ചിത്രമായ വല്ല്യേട്ടന്റെ 4K പതിപ്പും ഒടിടിയിൽ എത്തും.പുതിയ പതിപ്പ് തിയേറ്ററിൽ എത്തിയെങ്കിലും കാര്യമായി നേട്ടമുണ്ടാക്കാനായിരുന്നില്ല. മനോരമ മാക്സിലൂടെയാണ് വല്ല്യേട്ടൻ 4K ഒടിടിയിലെത്തുന്നത്.മമ്മൂട്ടി, മനോജ് കെ ജയൻ, സിദ്ദിഖ്,വിജയകുമാർ,ശോഭന,സായ്കുമാർ,സുധീഷ്,എൻ.എഫ് വർ​ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രവും കളക്ഷൻ നേടിയ ചിത്രവുമായ മാർക്കോ ഫെബ്രുവരി 14-നാണ് ഒടിടിയിലെത്തുക. ഇന്ത്യൻ സിനിമയിലെ ഏറ്റവും വയലന്റ് ചിത്രമായ മാർക്കോ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുക. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധിഖ്, കബീർ ദുഹാൻ സിം​ഗ്, അഭിമന്യു തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെൻസർ ബോർഡ് ഡിലീറ്റ് ചെയ്ത‌ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാകും ചിത്രം എത്തുക.

ആസിഫ് അലി നായകനായ രേഖാ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായിരുന്നു. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. അനശ്വര രാജൻ നായികയായ ചിത്രം സോണി ലിവിലൂടെ ഒടിടിയിലെത്തുമെന്നാണ് വിവരം. നാളെയോ(5) ഈ മാസം അവസാന വാരമോ ആകാം റിലീസ്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടില്ല.

രവിമോഹ​ൻ(ജയം രവി)- നിത്യ മേനോൻ ജോഡിയുടെ കാഥലിക്ക നേരമില്ലൈ എന്ന ചിത്രം ഫെബ്രുവരി 14-നാണ് ഒടിടിയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുകയെന്നാണ് വിവരം. ഔദ്യോ​ഗിക പ്രഖ്യാപനം വരാനുണ്ട്. ചിത്രത്തിന് തിയേറ്ററിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധിയുടെ ഭാര്യ കിരുതികയാണ് സംവിധാനം ചെയ്തത്.

Leave a Reply