Spread the love
ചകിരി മില്ലിൽ തീപിടിത്തം,​ ആളപായമില്ല; പത്ത് ലക്ഷം രൂപയുടെ നാശനഷ്‌ടം

മലപ്പുറം / പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡി ഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻ പോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂത വാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ് തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാ യൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്.

വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. തൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെ ഉടമസ്ഥയിലുള്ളതാണ് മില്ല്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസ് ബേബി, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ് തീയണയ്ക്കാൻ നേതൃത്വംനൽകിയത്. ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply