മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ വെള്ളമുയരും.പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.