Spread the love
ദിവസക്കൂലിക്ക് ബന്ധുക്കളെ ഇറക്കി വിവാഹ നിശ്ചയം, പത്ത് ലക്ഷം തട്ടിയ യുവാവും സുഹൃത്തും ചങ്ങരംകുളം പോലീസ് പിടിയിൽ

ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്നു ധരിപ്പിച്ച് ചങ്ങരംകുളത്തെ അധ്യാപികയുടെ മകളുമായി വിവാഹമുറപ്പിച്ചശേഷം പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെയും സുഹൃത്തിനെയും ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു.പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പ്രതിശ്രുത വരനും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡില്‍ നോട്ടിക്കണ്ടത്തില്‍ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരില്‍ അജി (40) എന്നിവരാണ് പിടിയിലായത്.

അക്ഷയും പെണ്‍കുട്ടിയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി നടന്നിരുന്നു.അടുത്തിടെയാണ് പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞ് അക്ഷയ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പത്തു ലക്ഷം രൂപ വാങ്ങിയത്.പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപെട്ട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവർ ആയിരുന്നുവെന്ന് വ്യക്തമായി. അന്വേഷണത്തില്‍ അക്ഷയും അജിയും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വീസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply