മംഗളൂരു: മൺസൂൺ ട്രെയിൻ സമയപ്പട്ടിക നിലവിൽ വരുന്നതിന്റെ ഭാഗമായി കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് സമയമാറ്റം. പുതിയ സമയക്രമം അനുസരിച്ച്, മംഗളൂരു സെൻട്രൽ-മുംബൈ എൽ.ടി.ടി മത്സ്യഗന്ധ എക്സ്പ്രസ് (12620), മംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 2.20 ന് പകരം 12.45 ന് പുറപ്പെടും. തിരികെയുള്ള ട്രെയിൻ (12619) മംഗളൂരു സെൻട്രലിൽ രാവിലെ 7.40 ന് പകരം 10.10 ന് എത്തും.
മുംബൈ സി.എസ്.എം.ടി -മംഗളൂരു ജങ്ഷൻ സൂപ്പർഫാസ്റ്റ് (12133 ) ഉച്ചകഴിഞ്ഞ് 1.05 ന് പകരം 3.40 ന് മംഗളൂരുവിൽ എത്തും. മുംബൈ സി.എസ്.എം.ടി യിലേക്കുള്ള ട്രെയിൻ (12134 ) ഉച്ചയ്ക്ക് രണ്ടിന് പകരം വൈകുന്നേരം 4.35 ന് പുറപ്പെടും.
മംഗളൂരു സെൻട്രൽ -മഡ്ഗാവ് ഡെയ്‍ലി എക്സ്പ്രസ് സ്പെഷൽ (06602 ) പതിവുപോലെ മംഗളൂരു ജങ്ഷനിൽനിന്ന് രാവിലെ 5.30 ന് പുറപ്പെട്ട് മഡ്ഗാവിൽ ഉച്ചക്ക് 1.10ന് പകരം 1.15 ന് എത്തും. 06601 നമ്പർ ട്രെയിൻ ഉച്ചക്ക് 1.50 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് മംഗളൂരു സെൻട്രലിൽ രാത്രി 9.30 ന് എത്തിച്ചേരും. നേരത്തെ രാത്രി 9.05 നാണ് എത്തിയിരുന്നത്.
തിരുവനന്തപുരം സെൻട്രൽ-മുംബൈ എൽ.ടി.ടി നേത്രാവതി എക്സ്പ്രസ് (16346 ) തിരുവനന്തപുരത്തുനിന്ന് പതിവുപോലെ രാവിലെ 9.15ന് പുറപ്പെടും. എന്നാൽ വഴിയിലെ സ്റ്റേഷനുകളിൽ 30 മിനിറ്റു മുതൽ ഒരു മണിക്കുർവരെ നേരത്തെ കടന്നുപോകും. ഈ ട്രെയിൻ മംഗളൂരു ജങ്ഷനിൽ നിന്ന് രാത്രി 10.50 ന് പകരം 9.30 നാകും പുറപ്പെടുക. അടുത്തദിവസം വൈകുന്നേരം 5.05 മുംബൈ എൽ.ടി.ടിയിൽ എത്തും.
16345 നമ്പർ ട്രെയിൻ മുംബൈ എൽ.ടി.ടിയിൽ നിന്ന് പതിവുപോലെ രാവിലെ 11.40 ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45 ന് മംഗളൂരു ജങ്ഷനിൽ എത്തും. നേരത്തെ രാവിലെ 4.15 നാണ് എത്തിയിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം 6.05 പകരം രാത്രി 7.35 ന് എത്തും.
കൊങ്കൺ റൂട്ടിലൂടെയും മംഗളൂരു റെയിൽവേ മേഖലയിലൂടെയും ഓടുന്ന മിക്കവാറും എല്ലാ ട്രെയിനുകളുടെയും സമയം മാറുമെന്നും മൺസൂൺ അറിയിപ്പിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്ര സമയം പരിശോധിച്ച് ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.