സംസ്ഥാനത്ത് വാക്‌സിൻ നയത്തിൽ മാറ്റം; ഇനി സ്വന്തം വാർഡിൽ റജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തിന്റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇനി മുതല്‍ വാക്സിന്‍ ലഭിക്കുന്നതിനായി സ്വന്തം വാര്‍ഡിലായിരിക്കണം റജിസ്റ്റര്‍ ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കുത്തിവയ്പ്പെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വാക്സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. നഗരങ്ങളില്‍ വാക്സിന്‍ അതാത് വര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല.
വാക്സിനേഷന്റെ ഏകോപന ചുമതല ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തിനുള്ളില്‍ വാക്സിന്‍ നല്‍കും. വാക്സിന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.
കിടപ്പ് രോഗികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സഞ്ചരിക്കുന്ന വാക്സിനേഷന്‍ സംവിധാനം ഒരുക്കാനാണ് പദ്ധതി. പുതിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ തയാറാകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.