തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. ഈമാസം അവസാനം സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകും. ചില പരീക്ഷകൾ സർവകലാശാലയിൽനിന്നുമാറി കോളേജ് തലത്തിലാകും. ഇന്റേണൽ മാർക്കിന്റെ ഘടനയിലും മാറ്റമുണ്ടായേക്കും.
ബിരുദ കോഴ്‌സുകളിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. നൂറുകണക്കിന് പരീക്ഷകൾ നടക്കുന്ന ബിരുദകോഴ്‌സുകൾക്ക് പകുതി പരീക്ഷകളെങ്കിലും കോളേജ് തലത്തിൽ നടത്തി കോളേജിൽത്തന്നെ മൂല്യനിർണയം നടത്താനാകും ശ്രമിക്കുക. ഒന്ന്, അഞ്ച്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിലും മറ്റ് സെമസ്റ്റർ പരീക്ഷകൾ സർവകലാശാല തലത്തിലും നടത്തുന്നതിന് കമ്മിഷൻ ശുപാർശ നൽകിയേക്കും. ഇങ്ങനെയായാൽ ഫലപ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കാനാകുമെന്നും കരുതുന്നു. അതേസമയം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകൾമാത്രം കോളേജുകളെ ഏൽപ്പിക്കണമെന്ന നിർദേശമാണ് കമ്മിഷന് മുന്നിലെത്തിയത്.