Spread the love

കൊച്ചി∙ സന്തോഷ് മാധവനെ പീഡനക്കേസിൽ കുടുക്കിയത് ഇന്റർപോൾ തിരയുന്ന ആയുധക്കടത്തുകാരൻ താനല്ലെന്നു സ്ഥാപിക്കാൻ വാർത്താ ചാനലുകൾക്കു നൽകിയ അഭിമുഖം. ഇന്റർപോൾ തിരയുന്ന സന്തോഷ് മാധവന്റ ചിത്രം കാണിച്ചാണു കൊച്ചിയിൽ ‘അമൃത ചൈതന്യയെന്ന’ പേരിൽ ശാന്തിതീരം ആശ്രമം നടത്തുന്ന സന്തോഷ് മാധവൻ നിരപരാധിയാണെന്നു തെളിയിക്കാൻ സന്തോഷും കൂട്ടാളികളും നോക്കിയത് . മലയാളം ചാനലുകൾ വിദേശത്തും ഈ അഭിമുഖം ടെലികാസ്റ്റ് ചെയ്തപ്പോഴാണു സ്ക്രീനിൽ കണ്ട വ്യക്തി വർഷങ്ങൾക്കു മുൻപു തന്നെ കബളിപ്പിച്ചു 50 ലക്ഷം രൂപയുമായി കടന്ന സന്തോഷ് മാധവനാണെന്ന പരാതി സെറഫിൻ എഡ്വിൻ എന്ന പ്രവാസി വ്യവസായി കൊച്ചി സിറ്റി പൊലീസിന് ഇമെയിൽ ചെയ്തത്.

ഈ സാഹചര്യത്തിൽ സ്വന്തം നിരപരാധിത്വം ഏറ്റു പറഞ്ഞു കൊച്ചിയിലെ സന്തോഷ് മാധവൻ വീണ്ടും ചാനലുകളിൽ എത്തി. പിന്നീടു സന്തോഷിനെ വെള്ളപൂശുന്ന വാർത്തകളാണു പ്രചരിച്ചത്. എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിൽ നേരിട്ടു ഹാജരായ സന്തോഷ് വീണ്ടും ‘നിരപരാധിത്വം’ തെളിയിക്കാൻ നോക്കി. വ്യക്‌തമായ തെളിവുകളുടെ അഭാവത്തിൽ സന്തോഷിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസിനും സാധിച്ചില്ല. കടവന്ത്രയിലെ സന്തോഷ് മാധവന്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത പൊലീസ് സംഘം വീട്ടിലും പിന്നീടു ബാങ്ക് ലോക്കറിലും കണ്ടെത്തിയ പീഡനരംഗങ്ങൾ അടങ്ങിയ സിഡികളാണു സന്തോഷിനെ പെടുത്തിയത്.

ഇതോടെ സന്തോഷിന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നിട്ടിറങ്ങിയ രാഷ്്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും വലിഞ്ഞു. സന്തോഷ് നടത്തുന്ന ശരണാലയത്തിലെ അന്തേവാസികളായ യുവതിയും പ്രായപൂർത്തിയാവാത്ത 3 പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി മൊഴി നൽകി. എന്നാ‍‌ൽ വിചാരണഘട്ടത്തിൽ ഒരു പെൺകുട്ടിയൊഴികെ മൂന്നു പേരും മൊഴിമാറ്റി. മൊഴിമാറ്റിയ ഒരു പെൺകുട്ടിയെ സന്തോഷ് പീ‍ഡിപ്പിക്കുന്ന രംഗങ്ങൾ സിഡിയിലുണ്ടായിരുന്നതിനാൽ അതും തെളിവായി സ്വീകരിച്ചാണു 3 കേസുകളിൽ കോടതി ശിക്ഷിച്ചത്. 2008 മേയ് 13നാണു സന്തോഷ് മാധവൻ അറസ്റ്റിലായത്.

Leave a Reply