Spread the love

മേപ്പാടി: ഉരുളെത്തി ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയപ്പോൾ ബാക്കിയായത് വളർത്തുമൃ​ഗങ്ങൾ മാത്രം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കനത്ത മഴയ്‌ക്കിടയിലും അവർ തങ്ങൾക്ക് ആഹാരം നൽകിയിരുന്നവർക്കായുള്ള തിരച്ചിലിലാണ്.

മണ്ണും കല്ലുമെത്തി നിലം പൊത്തിയ വീടിന്റെ മേൽക്കൂരയുടെ വിടവിലൂടെ മുഖം പൂഴ്‌ത്തി നോക്കുന്ന നായയുടെ നൊമ്പരപെടുത്തുന്ന ചിത്രം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ കസേരയിൽ ഇരിക്കുന്ന നിലയിലും മണ്ണിൽ പുതഞ്ഞ അവസ്ഥയിലുമൊക്കെ മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന വീടിനുള്ളിൽ‌ നിന്ന് പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി നിസഹായതോടെ നോക്കി നിൽക്കുന്ന ബന്ധുവിന്റെ കാഴ്ചയും കേരളം ഇന്ന് രാവിലെ കണ്ടു.

ഇന്നലെ രാത്രി രക്ഷാപ്രവർത്തകർ തിരച്ചിൽ നിർത്തി പോയെങ്കിലും വളർത്തുനായകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ‌ തിരഞ്ഞ് ന‍ടക്കുകയായിരുന്നു. ഇന്നലെ എത്തിപ്പെടാൻ സാധിക്കാതെ പോയ മുണ്ടക്കൈലെത്തിയപ്പോൾ അവിടെയും നെഞ്ചുലയ്‌ക്കുന്ന കാഴ്ചയായിരുന്നു. കുറ്റൻ മരങ്ങൾ ഭിത്തി തുളച്ച് കയറി. ഭീമൻ പാറക്കല്ലുകൾ ചിന്നിചിതറി കിടക്കുന്നു. അതിനിടയിൽ ചില വീടുകളെ ചുറ്റിപ്പറ്റി നായകളും കോഴികളും അലഞ്ഞ് നടക്കുന്നു. ഇതിനിടയിൽ മലവെള്ളപ്പാച്ചിലിൽ‌ ഒലിച്ചെത്തിയ മ്ലാവും കുഞ്ഞുമുണ്ടായിരുന്നു.

ഇന്ന് രാവിലെയോടെ സൈന്യം രക്ഷാദൗത്യം പുനരാരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈനികരെത്തും. അ​ഗ്നിശമനസേനയും തെരച്ചിൽ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് ആദ്യ പരി​ഗണന. സൈന്യത്തിന് സഹായവുമായി സന്നദ്ധപ്രവർത്തകരും ഒപ്പമുണ്ട്. 151 മ‍ൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 200-ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയർ‌ന്നേക്കുമെന്നാണ് വിവരം.

Leave a Reply