സൂപ്പർഫുഡ് എന്ന് പൊതുവെ വിളിപ്പേരുള്ള ഒന്നാണ് ചിയാ സീഡ്സ്. ബ്ലാക്ക്&വൈറ്റ് നിറത്തിലുള്ള ഈ കുഞ്ഞൻ പദാർത്ഥം അടുത്തിടെയാണ് ട്രെൻഡിംഗാണ്. ദിവസവും ചിയാ സീഡ് കഴിച്ചാൽ നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ചിയാ സീഡ് ഉൾപ്പെടുത്തിയുള്ള റെസിപ്പികളുടെ റീലുകൾക്ക് വലിയ ജനപ്രീതിയാണ്. എന്താണ് ചിയാ സീഡ് എന്നും എങ്ങനെയാണിത് കഴിക്കേണ്ടതെന്നും നോക്കാം, ഒപ്പം ഇവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം..
സാൽവിയ ഹിസ്പാനിക എന്ന സസ്യത്തിലുണ്ടാകുന്ന വിത്തുകളാണിത്. ഏകദേശം രണ്ട് ടീസ്പൂൺ വീതം ദിവസവും കഴിക്കാം. നട്സുകളുടെ കൂടെയോ പാലിൽ കലർത്തിയോ ഫ്രൂട്സിനൊപ്പമോ ആണ് ഇത് കഴിക്കേണ്ടത്. സ്മൂത്തി, പുഡ്ഡിംഗ്, ഓവർനൈറ്റ് ഓട്സ് എന്നിവ ഉണ്ടാക്കുമ്പോൾ ചിയാ സീഡ് ചേർക്കാവുന്നതാണ്. പാലിലോ വെള്ളത്തിലോ കുതിർത്തിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ചിയാ സീഡ് ചേർത്ത് 3 മണിക്കൂർ കുതിർത്തി വച്ച് കുടിക്കാവുന്നതുമാണ്.
പോഷകങ്ങളാൽ സമ്പന്നമാണ് ചിയാ സീഡ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിലുണ്ട്. നല്ലപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൊളസ്ട്രോൾ ലെവൽ കുറയ്‌ക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയ സുഗമമാക്കാനും ഇതുവഴി സാധിക്കും. ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ നിയന്ത്രിച്ച് നിർത്താനും ചിയാ സീഡ് ഗുണം ചെയ്യും. മലബന്ധം കുറയ്‌ക്കാനും ചിയാ സീഡ് കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യവും വർദ്ധിക്കും.
ധാരാളം ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും ചിയാ സീഡിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് ആന്റി ഓക്സിഡന്റുകൾ. കൂടാതെ വേണ്ടുവോളം ഒമേഗ-3 ഫാറ്റി ആസിഡുകളും ചിയാ സീഡിലുണ്ട്. ഇത് ബിപി കുറയ്‌ക്കാൻ സഹായിക്കും. ചിയാ സീഡിൽ നല്ല-കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, അയേൺ, മഗ്നീഷ്യം, സിങ്ക് തുടങ്ങി ധാതുക്കളും ഇതിലുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും സെല്ലുകളുടെ വളർച്ചയ്‌ക്കും നല്ലതാണ്.
പോഷകങ്ങളാൽ സമ്പന്നമായതുകൊണ്ടു തന്നെ അളവിൽ കൂടുതൽ ചിയാ സീഡ് ദിവസവും കഴിക്കരുത്. മാത്രവുമല്ല, കുതിർക്കാതെ കഴിച്ചാൽ ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും