തിരുവനന്തപുരം/കൊച്ചി : നാളെ കാലാവധി അവസാനിക്കുന്ന 493 പിഎസ്‌സി റാങ്ക് പട്ടികകൾ ഇനി നീട്ടില്ലെന്നും പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്ന ആവശ്യം നടപ്പാക്കാൻ കഴിയുന്നതല്ലെന്നും നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്യാത്തതിനാൽ ഇതു സംബന്ധിച്ചു പിഎസ്‌സി യോഗം തീരുമാനം എടുത്തില്ല. സർക്കാർ ശുപാർശ ഇല്ലാതെ സ്വന്തം നിലയിൽ കാലാവധി നീട്ടാൻ പിഎസ്‌സിക്ക് അധികാരവുമില്ല.ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എൽജിഎസ്) റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.കാലാവധി നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഈ പട്ടികയുടെ കാര്യത്തിൽ കോടതിവിധി പ്രകാരം തീരുമാനമെടുക്കാനാണ് സർക്കാർ തീരുമാനം.
നാളെ കാലാവധി അവസാനിക്കുന്ന പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. ഇതിനിടെ, വിവിധ സർക്കാർ വകുപ്പുകളിലെ 43 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചു നിയമന നടപടി ആരംഭിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള തസ്തികകളാണിത്. പട്ടികകളുടെ കാലാവധി നീട്ടൽ ചർച്ചയ്ക്കെടുക്കണമെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ പട്ടികയിൽ ഉൾപ്പെടേണ്ടവരുടെ പ്രാഥമിക പരീക്ഷാ ഫലം പോലും വരാത്തപ്പോൾ എന്തിനാണു നിലവിലെ പട്ടികയുടെ കാലാവധി നീട്ടാൻ മടിക്കുന്നത്. അപ്രഖ്യാപിത നിയമന നിരോധനത്തിനാണു സർക്കാർ കോപ്പുകൂട്ടുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
എന്നാൽ,നാളെ 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് മുടി മുറിച്ച് പ്രതിഷേധിച്ചു. ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. സമരം നടത്തുന്ന പ്രിയങ്ക, അശ്വതി , ഷീല, രാഖി എന്നിവരാണു മുടി മുറിച്ച് പ്രതിഷേധിച്ചത്. സമരം 15 ദിവസം പിന്നിട്ടു. കൂടാതെ,വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിൽ ഉദ്യോഗാർഥികൾ മുടിമുറിച്ചു പ്രതിഷേധിക്കുന്നു. നാളെ കാലാവധി അവസാനിക്കുന്ന ഇവരുടെ റാങ്ക് ലിസ്റ്റടക്കം ഒന്നിന്റെയും കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റ് ഇതുവരെ നീട്ടിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. 2100 പേരുള്ള ലിസ്റ്റിൽ നിന്ന് 597 പേരെ മാത്രമാണ് ഇതു വരെ നിയമിച്ചത്. വനിതകൾ ആയതു കൊണ്ടാണോ തങ്ങളോടു ലിംഗ വിവേചനം കാണിക്കുന്നതെന്നും തങ്ങൾക്കു 15% നിയമനങ്ങൾ കൂടുതലായി നൽകാമെന്നു പറഞ്ഞ വാഗ്ദാനം എവിടെയാണെന്നും ഉദ്യോഗാർഥികൾ ചോദിച്ചു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയ എൽജിഎസ് റാങ്ക് ഹോൾഡേഴ്സും സമരം തുടരുകയാണ്.