
തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിനു പിന്നിൽ മാധ്യമങ്ങളാണെന്നും, ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് വി.ഡി. സതീശൻ. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നുമാകുമെന്ന് അദ്ദേഹം ആരോപിച്ചു.
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്‍പ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്ന പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
‘മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകൂ.’
‘യാഥാര്‍ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഢാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തിന്റേതെന്ന് മുഖ്യമന്ത്ര ഓര്‍ക്കണം’ – സതീശൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.