ശബരിമല∙ തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ 14 കുട്ടി നർത്തകിമാർ അവതരിപ്പിച്ച തിരുവാതിര സന്നിധാനത്ത് ഉത്സവ പ്രതീതി ഉണ്ടാക്കി. ഉടുത്തൊരുങ്ങി ആടയാഭരണങ്ങളും പൂക്കളും ചൂടിയാണ് തിരുവാതിരയ്ക്കു ചുവടുവയ്ക്കാൻ അവർ ശബരീശനു മുന്നിലെത്തിയത് . പ്രാർഥിച്ച് അനുഗ്രഹം തേടിയാണു വലിയ നടപ്പന്തലിലെ വേദിയിൽ എത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു തുടക്കം കുറിച്ചു.
ഗണപതി സ്തുതിയോടെയായിരുന്നു തുടക്കം കുറിച്ചത് . തിരുവാതിര പദങ്ങൾ ചൊല്ലി ശ്രീകൃഷ്ണ ഭക്തിഗാനത്തിനു കോൽക്കളിയും നടത്തി കുട്ടികൾ മനം കവർന്നു .എസ്.എൻ.ആദി ലക്ഷ്മി, നീല സനിൽ,എൻ.ബി.ആദിത്യ,ജെ.പാർവണ,എ.എസ്.അപർണ,സി.അനന്തശ്രീ,ആർ.ദക്ഷരാജ്,എൽ.ആർ.ശിവനന്ദ,അനന്യ മനു, അലംകൃത അഭിലാഷ്,ഹൃദ്യ സുമേഷ്,ദിയ പി.എസ്.നായർ,ആർ.പി.ആരാധ്യ എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത്. ജീവനകല നൃത്താധ്യാപിക നമിത സുധീഷാണ് കുട്ടികളെ പരിശീലനം നൽകിയത് .
ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി.മധു, ട്രഷറർ കെ.ബിനുകുമാർ, സന്തോഷ് വെഞ്ഞാറമൂട്,സാജു മാധവ് എന്നിവർക്കൊപ്പമാണ് കുട്ടികൾ മലകയറി സന്നിധാനത്ത് എത്തിയത്.വെഞ്ഞാറമൂട് ജീവകല സാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികൾ 2017 മുതൽ മുടങ്ങാതെ പുതുവർഷപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ തിരുവാതിര അവതരിപ്പിക്കാറുണ്ട് .