ജോജു ജോർജ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ നാരായണീന്റെ മൂന്നാണ്മക്കൾ ചിത്രത്തെ നെഞ്ചേറ്റി പ്രേക്ഷകർ. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ജനഹൃദയങ്ങൾ നൽകുന്നത്. ജോജുവും അലൻസിയറും സുരാജും മത്സരിച്ച് അഭിനയിച്ചുവെന്നാണ്പ്രേക്ഷകർ പറയുന്നത്.
എംടി വാസുദേവൻ നായരുടെ സിനിമകൾ കാണുന്ന പോലെ തോന്നിയെന്നും പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നു. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം മുന്നോട്ടുപോകുന്നത്.
“ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന സംഭവങ്ങൾ പോലെയാണ് തോന്നിയത്. നല്ല തിരക്കഥയും സംഭാഷണവുമായിരുന്നു. ഫാമിലി ഡ്രാമ സിനിമയാണ്. ജോജു ജോർജ് ഇതുവരെ ചെയ്യാത്ത കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. തികച്ചുമൊരു കുടുംബകഥ പറയുന്ന ഹൃദയഹാരിയായ സിനിമയാണ്”.
“പഴയൊരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. മനസിൽ എവിടൊയൊക്കെയോ ചെറിയൊരു വിങ്ങലുണ്ടാവും. അത്രയ്‌ക്കും മനോഹരമായാണ് എടുത്തിരിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതുവരെ കാണാത്തൊരു പ്രമേയം.
പശ്ചാത്തല സംഗീതവും മേക്കിംഗും എടുത്തുപറയേണ്ടതാണ്. പാട്ടുകളെല്ലാം അതിമനോഹരമായിരുന്നു. കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നതായാണ് നമുക്ക് തോന്നുന്നത്. ഇതുപോലെയൊരു ജോണറിലുള്ള സിനിമ ഇറങ്ങിയിട്ട് ഒരുപാട് നാളായി. പഴയ കാലഘട്ടം മനസിലേക്ക് ഓടിയെത്തും. കുടുംബത്തിലുള്ളവർ തമ്മിലുള്ള പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ശരിക്കും റിയൽ പോലെ തോന്നുന്നുണ്ടെന്നും” പ്രേക്ഷകർ പറയുന്നു.