കോട്ടയം∙ ജീവിക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ദയാവധത്തിനു കോടതിയിൽ അനുമതി തേടി ഒരു കുടുംബം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്മിത ആന്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങുന്നത്. സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാൻട്രിൻ, സാന്റിനോ എന്നിവർ അപൂർവ രോഗബാധിതരാണ്.
ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭർത്താവും കുട്ടികളിൽ അപൂർവരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. വീടും സ്ഥലവും ഈട് വച്ചു വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകൾക്കുമായി കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ജോലിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെത്തുടർന്നു കൊഴുവനാൽ പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചു.
പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ കണ്ടതിന് ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ജോലി നൽകുന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്നു സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ്പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറർ ജോഷ്വ ചാക്കോ എന്നിവരും പറഞ്ഞു.