
ബാലസാഹിത്യ പുരസ്കാര നിർണയത്തിനു കുട്ടികളുടേതായ ജൂറി വേണമെന്ന് എഴുത്തുകാരി പ്രിയ എ എസ്. വലിയവരുടെ കാഴ്ചപ്പാടല്ല കുട്ടികളുടേത്. കുട്ടികളുടെ കണ്ണിൽ കൂടി വേണം ഒരു ബാലസാഹിത്യ കൃതി വിലയിരുത്താൻ. ബാലസാഹിത്യ പുരസ്കാര നിർണയത്തിനു കുട്ടികളുടെ ജൂറി ഏർപ്പെടുത്തണമെന്നു സാഹിത്യ അക്കാദമിയോട് അഭ്യർഥിക്കുന്നു. കുട്ടികൾക്കുള്ള രചനകളിലെ ചിത്രങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമാകണം. നിലവിൽ വരുന്ന ചിത്രങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നുണ്ടോയെന്ന് ആലോചിക്കണം. കുട്ടികൾ കഥയിലേക്കു കയറുന്ന ഏണിപ്പടികളാണ് ചിത്രങ്ങൾ. എന്നാൽ മലയാള ബാലസാഹിത്യത്തിനൊപ്പമുള്ള ചിത്രങ്ങൾ കാണുമ്പോൾ നെഞ്ചത്തടിച്ച കരയാനാണ് തോന്നുന്നതെന്നും പ്രിയ പറഞ്ഞു. കുട്ടികളുടെ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന നോവലിന് മികച്ച ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.