Spread the love

പഹല്‍ഗ്രാം ആക്രമണത്തിന് പിന്നാലെ ഭീകരരെയും ഭീകരാതാവളങ്ങളെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറ‌േഷന്‍ സിന്ദൂര്‍’ ദൗത്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. പാക്കിസ്ഥാന്‍റെ അടുത്ത സഖ്യകക്ഷിയായ ചൈന ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്. ഇന്ന് രാവിലെയുണ്ടായ ഇന്ത്യയുടെ സൈനിക നടപടിയിൽ ബീജിംഗ് ഖേദം പ്രകടിപ്പിക്കുകയും നിലവിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്ന് പറയുകയും ചെയ്തു

ഇന്ത്യയും പാകിസ്ഥാനും അയൽക്കാരാണ്, അവരെ വേർപെടുത്താൻ കഴിയില്ല, അവർ ചൈനയുടെയും അയൽക്കാരാണ് എല്ലാതരം ഭീകരതയെയും ചൈന എതിർക്കുന്നു എന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകാനും സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കാനും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സൈനിക നടപടിക്ക് പിന്തുണയുമായി വിവിധ ലോകനേതാക്കള്‍ രംഗത്തെത്തി. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. നിരപരാധികൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരു സ്ഥലവുമില്ലെന്ന് തീവ്രവാദികൾ അറിയണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു

Leave a Reply