Spread the love
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് എത്തി

ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും മറികടന്ന് ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാൻ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബൻതോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവിൽ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു.

‌ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി.സിൽവ പറഞ്ഞു. ഹംബൻതോട്ടയിൽ ഓഗസ്റ്റ് 11നു കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്നു കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് –5.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജൻസികൾ. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടുമെന്നും പറയുന്നു.

Leave a Reply