ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പലിന്റെ സാന്നിധ്യം. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്താനിരിക്കെയാണ് ചൈനീസ് ചാരക്കപ്പൽ വീണ്ടും എത്തിയത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് – ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ ചൈനീസ് ചാരക്കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത്. നേരത്തെ യുവാന്‍ വാങ് -5 എന്ന ചൈനീസ് കപ്പൽ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവഗണിച്ച് ശ്രീലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്ന് ലങ്കൻ തുറമുഖത്ത് കപ്പലെത്തിയത്. ആദ്യം ശ്രീലങ്ക എതിർപ്പറിയിച്ചെങ്കിലും പിന്നീട് ചൈനീസ് സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
ലംബോക് കടലിടുക്ക് കടന്ന് ഇന്തോനേഷ്യൻ തീരത്തുകൂടിയാണ് ചൈനീസ് കപ്പൽ യുവാന്‍ വാങ് – 6 നീങ്ങുന്നതെന്ന് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് അറിയിച്ചു. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെക്കുറിച്ച് നിരീക്ഷിക്കാനാണ് ചൈനീസ് കപ്പലിന്റെ നീക്കമെന്ന് സൂചനയുണ്ട്. മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് എയർഫോഴ്സ് പൈലറ്റുമാർക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനങ്ങളുമടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ചൈനീസ് കപ്പൽ. 200 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് (ഇഇസെഡ്) പ്രവേശിക്കാൻ ഇന്ത്യൻ നാവികസേന യുവാൻ വാങ്-6 അനുവദിക്കില്ല. ഈ മാസം ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം.