സീരിയല്‍ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ ഹേമന്ദിനെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത മരണം. ചിത്ര മരിക്കുന്ന സമയത്ത് ഹേമന്ദ് ഹോട്ടലിലുണ്ടായിരുന്നു.
ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേമന്ദ് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഓഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റര്‍ വിവാഹം ചെയ്തതായി പറയുന്നു. അതിനിടെ നടി മുഖത്തു ചോരപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുന്‍പാണു ഹോട്ടലില്‍ മുറിയെടുത്തത്.
ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.
അതിനിടെ താരത്തിന് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി അറിയില്ലെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ മരണത്തിനു തൊട്ടു മുമ്ബു വരെ സമൂഹമാധ്യമങ്ങളില്‍ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനില്‍ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.