പ്രശസ്ത പിന്നണി ഗായിക സ്വര്‍ണലതയുടെ പത്താം ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗായിക കെഎസ് ചിത്ര. കാണാനും കേള്‍ക്കാനുമാവുന്നില്ലെങ്കിലും അടുത്തുതന്നെയുണ്ട് എന്നാണ് ചിത്ര തന്റെ ഫേയ്സ്ബുക്കില്‍ കുറിച്ചത്. സ്വര്‍ണയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.
കാണാനും കേള്‍ക്കാനും കഴിയുന്നില്ലെങ്കിലും എപ്പോഴും അടുത്തു തന്നെയുണ്ട്. ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തിലെ പത്താം വാര്‍ഷികത്തില്‍ ഓര്‍ക്കുന്നു- എന്നാണ് ചിത്ര കുറിച്ചത്. സംഗീത ലോകത്തിന് ആഘാതം തീര്‍ത്തുകൊണ്ടാണ് 2010ല്‍ സ്വര്‍ണലത വിടപറയുന്നത്. 37 വയസായിരുന്നു സ്വര്‍ണലതയുടെ പ്രായം.വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
പാലക്കാട്ടുകാരിയായ ഇവര്‍ 22 വര്‍ഷത്തെ കരിയറില്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ബംഗാളി, ഒറിയ, പഞ്ചാബി, ബഡഗ എന്നീ ഭാഷകളിലായി 7000ത്തോളം ഗാനം ആലപിച്ചിട്ടുണ്ട്. കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.