Spread the love

ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കാൻ 700 കോടി രൂപയുടെ വികസന പദ്ധതിയുമായി ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയായി ചോറ്റാനിക്കരയെ മാറ്റാനുള്ള പദ്ധതി സമയബന്ധിതമായി അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്‌ സ്വാമിജി ഗ്രൂപ്പ്‌ ചെയർമാൻ ഗണശ്രാവൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ വിശദമായ രൂപരേഖ ദേവസ്വം ബോർഡിന് സമർപ്പിച്ചെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രസമുച്ചയത്തിനു പുറമെ 500 കിടക്കകളുള്ള ആശുപത്രി, ഓർഫനേജ്‌, പുവർ ഹോം, റിങ്‌ റോഡ്, ജലശുദ്ധീകരണ പ്ലാന്റ്‌, ബയോഗ്യാസ് പ്ലാന്റ്‌, ഗസ്റ്റ് ഹൗസുകൾ, മൾട്ടി ലെവൽ കാർ പാർക്കിങ്‌, കല്യാണ മണ്ഡപം, ഓഡിറ്റോറിയം, അന്നദാന മണ്ഡപം, 300 കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണം പതിക്കൽ, സ്വർണ ഗോപുരങ്ങൾ, രണ്ട് പാലം എന്നിവ പദ്ധതിയിലുണ്ട്.

ചോറ്റാനിക്കരയിൽ പ്രാർഥിച്ചശേഷമാണ്‌ രത്നവ്യാപാരിയായ തനിക്ക്‌ ബിസിനസിൽ അഭിവൃദ്ധിയുണ്ടായതെന്നും ലാഭത്തിന്റെ ഒരുഭാഗം ക്ഷേത്രനവീകരണത്തിനായി നീക്കിവച്ചത്‌ അതുകൊണ്ടാണെന്നും ഗണശ്രാവൺ പറഞ്ഞു. ആർക്കിടെക്ട്‌ ബി ആർ അജിത്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply