ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
മേൽമുറി മഅ്ദിൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുൽ നാസർ. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്‌ദുൽ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാൾ ഫഹദിന് അയച്ചുകൊടുത്തത്. ഫോണിൽ ചോദ്യപ്പേപ്പറിൻ്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദു നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്‌പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.