ഏത് തെന്നിന്ത്യൻ യുവതാരത്തിന്റേയും ആഗ്രഹമായിരിക്കും ദളപതി വിജയ്‌യുടെ കൂടെ ഒരിക്കൽ എങ്കിലും അഭിനയിക്കുക എന്നത്. പ്രേമലു എന്ന തന്റെ കരിയര്‍ ബ്രേക്ക് നേടിയെടുത്ത മലയാളത്തിന്റെ ക്യൂട്ട് നായിക മമിത ബൈജുവും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അഭിമുഖ പരിപാടിയിൽ ഇതേ ആഗ്രഹം തുറന്നുപറഞ്ഞിരുന്നു.
ഗില്ലി തൊട്ട് താൻ താരത്തിന്റെ കട്ട ഫാന്‍ ആണെന്നും അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിൽക്കുമ്പോൾ മിസ് ചെയ്യുമെന്നും പറഞ്ഞ നടി വിജയ്യുടെ കൂടെ ഒരു പടമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്തായാലും ആ അഭിമുഖം ദൈവം കണ്ടതുപോലെ ആയി. രാഷ്ട്രീയത്തിലേക്ക് സജീവമാകാൻ പോകുന്ന ദളപതിയുടെ അവസാന പടത്തിൽ മമിതയും ഉണ്ടെന്നാണ് ദളപതി 69മായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റുകളിൽ നിന്നും മനസ്സിലാകുന്നത്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ ഇപ്പോഴിതാ പൂജ ചടങ്ങില്‍ നിന്ന് വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മമിത. പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ഗ്രേറ്റ്ഫുള്‍ എന്ന ടാഗും മമിത ചേര്‍ത്തിട്ടുണ്ട്.
എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്‍സിന്‍റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്നിന്‍റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്