തിരുവനന്തപുരം ∙ സംസ്ഥാനത്തു ചൂട് കനക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പാലക്കാട്ടാണ് ഉയര്‍ന്ന താപനിലയ്ക്കു സാധ്യത, 38 ഡിഗ്രി സെല്‍ഷ്യസ്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും. നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും അറിയിച്ചു.
പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് കുടിക്കരുത്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയും തൊപ്പിയും ഉപയോഗിക്കുന്നതു ചൂടിനെ പ്രതിരോധിക്കും.