സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ജലവൈദ്യുതോൽപ്പാദന രംഗത്തേയ്ക്ക്. സിയാൽ നിർമാണം പൂർത്തിയായ ആദ്യജലവൈദ്യുത പദ്ധതി നവമ്പർ ആറിന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും.
ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ശേഷി. 32 ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേയ്ക്ക് പെൻസ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്.
2015-ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോൽപ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. ‘ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചർച്ചചെയ്യുന്ന അവസരത്തിൽ, ഇത്തരമൊരു പദ്ധതി പൂർത്തിയാക്കാൻ സിയാൽ ചെയർമാൻ എന്ന നിലയ്ക്ക് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശങ്ങളും നിർണായകമായിരുന്നു.
44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാനും സിയാലിന് കഴിഞ്ഞിട്ടുണ്ട്.’ – സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
നവംബർ ആറാം തീയതി ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രി, സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും.
സ്ഥാപിതശേഷി 4.5 മെഗാവാട്ട്. ഒരുവർഷം 14 ദശലക്ഷം യൂണിറ്റ്
ജലപ്രവാഹം ആശ്രയിച്ചുള്ള പദ്ധതി, പരിസ്ഥിതി സൗഹാർദം
വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക്