Spread the love

തനിക്ക് സിനിമയോടുള്ള താല്പര്യം കുറയാൻ കാരണം ചോക്ലേറ്റ് എന്ന സിനിമയും അതിൽ താൻ അവതരിപ്പിച്ച ചാക്യാർ കൂത്തുകാരന്റെ കഥാപാത്രവുമാണെന്ന് തുറന്നുപറഞ്ഞ് മിമിക്രി കലാകാരൻ മനോജ് ഗിന്നസ്. പൃഥ്വിരാജ് നായക വേഷത്തിലെത്തിയ ആ ചിത്രത്തിലെ കൂത്തു കലാകാരന്റെ കഥാപാത്രത്തിനായി തനിക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഫുൾ കോസ്റ്റ്യൂമില്‍ നിൽക്കേണ്ട ദുരവസ്ഥ വന്നു. ഒരു ചെറിയ കഥാപാത്രത്തിനായി ഒരായുഷ്കാലത്തെ കഷ്ടപ്പാടാണ് താൻ അനുഭവിച്ചതെന്നും മനോജ് കൂട്ടിച്ചേർത്തു.

സോഹൻ സീനു ലാൽ ആയിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ. അദ്ദേഹം തന്നോട് ഒരു പൃഥ്വിരാജ് സിനിമയിൽ ചാക്യാർകൂത്ത് ചെയ്യുമോ എന്ന് ചോദിച്ചു. ചാക്യാർകൂത്ത് ചെയ്യില്ല പകരം ഓട്ടൻതുള്ളൽ ചെയ്യുമെന്ന് താൻ മറുപടി നൽകിയെങ്കിലും ‘ നീ ചെയ്യും അതൊക്കെ മതി ഒരു മേക്കപ്പ് മാനേ കൂട്ടിവാ’ എന്നദ്ദേഹം പറഞ്ഞു. ഇതോടെ താൻ നാട്ടിലെ ഒരു ചാക്യാർകൂത്ത്കാരനെയും കൂട്ടി എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.

രാവിലെ ആറ് മണിക്ക് ചാക്യാർ കൂത്ത് മേക്കപ്പ് ഇട്ടു. ഈ കോസ്റ്റ്യൂമിൽ ബാക്കിൽ കെട്ടുന്ന ഞൊറികൾ ഉള്ളത് കയർ ഇട്ട് കെട്ടണം. ചാര് കസേരയിൽ ആ കോസ്റ്റ്യൂമില്‍ നമുക്ക് ഇരിക്കാൻ പറ്റില്ല. ബാത്‌റൂമിൽ പോകാൻ പറ്റില്ല. പിന്നീട് കോളേജ് പിള്ളേരും ജൂനിയർ ആർട്ടിസ്റ്റുകളും എല്ലാമുള്ള ഫസ്റ്റ് ഷോട്ട് എടുത്തു. ഫസ്റ്റ് ഷോട്ട് കഴിഞ്ഞ് പിന്നീട് ക്ലോസപ്പ് എടുക്കാം എന്ന് പറഞ്ഞെങ്കിലും പിന്നെ ആരെയും താൻ കണ്ടില്ലെന്ന് മനോജ് പറയുന്നു. പൃഥ്വിരാജിന് തിരക്കുള്ളതു കാരണം തന്റെ ഭാഗങ്ങൾ വൈകുന്നേരത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ തന്നോട് ഇതാരും പറഞ്ഞില്ലെന്നും രാവിലെ 7 മണിക്ക് കോസ്റ്റ്യൂമിൽ കയറിയ താൻ 12 മണി വരെ ഇതറിയാതെ നിന്നുവെന്നും മനോജ് വേദനയോടെ ഓർക്കുന്നു.

എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ വിളമ്പുന്നയാൾ ജൂനിയർ ആർട്ടിസ്റ്റുകളും കോളേജ് പിള്ളേരും കഴിക്കുന്നിടത്ത് പോയി വാങ്ങിക്കോളാൻ പറഞ്ഞു. അവിടെ തിരക്കാണെന്ന് പറഞ്ഞു താൻ പ്ലേറ്റ് താഴെയിട്ടു പോന്നു. പിന്നീട് മേക്കപ്പ് മാൻ അയാളെ ശകാരിച്ച് തന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും തിരികെ പോയില്ലെന്നും മനോജ് പറഞ്ഞു. ഒടുക്കം താൻ വേഷം അഴിച്ച് തിരിച്ച് റൂമിലേക്ക് പോയി. രാത്രി സോഹൻ വീണ്ടും തന്നെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. ഷൂട്ട് തുടങ്ങാം വരാൻ പറഞ്ഞപ്പോൾ ഇനി അങ്ങോട്ട് വരില്ലെന്ന് പറഞ്ഞു.

എന്നാൽ തന്നെ വച്ച് ഒരു ഷോട്ട് അവർ എടുത്തതല്ലേ എന്നു എല്ലാവരും സൂചിപ്പിച്ചപ്പോൾ ബാക്കി ഷൂട്ട് ചെയ്യാൻ സമ്മതിച്ച് താൻ സെറ്റിലേക്ക് പോയെന്നും ഈ സമയം ലൈറ്റ് അടക്കം സെറ്റ് ചെയ്ത് എല്ലാവരും തനിക്കായി വെയിറ്റ് ചെയ്യുകയായിരുന്നു എന്നും ഗിന്നസ് മനോജ് പറയുന്നു. എന്നാൽ അതിനകം മേക്കപ്പ് ചെയ്യുന്നയാൾ പോയി കഴിഞ്ഞിരുന്നു. ഒടുക്കം താൻ തന്നെ സ്വയം മേക്കപ്പ് ചെയ്തു ബാക്കിയുള്ള രംഗങ്ങൾ ഓഡിയൻസ് ഇല്ലാതെ അഭിനയിച്ചു തീർക്കുകയായിരുന്നുവെന്നും ഗിന്നസ് മനോജ് പറയുന്നു. ഇത്തരം നിരവധി ദുരനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

Leave a Reply