തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘അമ്മ’ എന്ന് വിളിക്കില്ലെന്നും A.M.M.A എന്നേ പറയൂ എന്നും സിപിഐഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി കെ ശ്രീമതി. എഎംഎംഎയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും സിനിമയിൽ എന്ത് കൊണ്ട് സ്ത്രീകൾ ഇത്ര മോശം അനുഭവങ്ങൾ നേരിടുന്നുവെന്നും പി കെ ശ്രീമതി ചോദിച്ചു.
‘സിനിമയിൽ നമ്മൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്, പെൺകുട്ടിയുടെ തുറന്നു പറച്ചിൽ ഞെട്ടലുണ്ടാക്കുന്നതാണ്, സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം, ഇതു പോലുള്ള സംഭവങ്ങളിൽ സർക്കാർ നിയമപരമായി പോയിട്ടുണ്ട്, കേസ് ഹൈക്കോടതിയുടെ മുന്നിലാണ്, അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പികെ ശ്രീമതി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മാഗ്നകാർട്ട ആയി മാറുമെന്നും അതിക്രമം നേരിട്ടവർ പരാതി നൽകിയാൽ നിയമത്തിന് മുന്നിൽ ബലമുണ്ടാകുമെന്നും മുൻ മന്ത്രി കൂടിയായ പികെ ശ്രീമതി പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ട് പിന്നെ മൊഴി മാറ്റിയാൽ സർക്കാർ എന്തു ചെയ്യും, എത്ര ഉന്നതനായാലും അവർക്കെതിരെയുള്ള പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പി കെ ശ്രീമതി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേയും എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെയും രാജികൾ സ്വാഗതം ചെയ്യുന്നു, നിയമപരമായി സ്വീകരിക്കേണ്ട ഏതു നടപടിയും സർക്കാർ സ്വീകരിക്കും, മീഡിയയുടെ ഭാഗത്തു നിന്നും ഒരുപാട് കാര്യങ്ങൾ ജനങ്ങൾ അറിഞ്ഞു, എന്നാൽ മീഡിയ തുല്യമായ നിലപാട് സ്വീകരിച്ചില്ല, ഇന്നലെയും ഇന്ന് രാവിലെയും അക്കാദമി ചെയർമാൻ്റെ വാർത്തകളാണ് മീഡിയയിൽ മുന്നിലെന്നും പി കെ ശ്രീമതി വിമർശിച്ചു.