8864 ഗാർഹിക കണക്ഷനുകൾ നൽകി
അടുക്കളയിൽ പാചകവാതകം തീരാതിരിക്കുക എന്നത് ഏതു വീട്ടുകാരുടേയും ആഗ്രഹമാണ്. സിറ്റി ഗ്യാസ് പദ്ധതി ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ്. കൊച്ചി മുതൽ പാലക്കാട് കൂറ്റനാട് വരെയും കൂറ്റനാട് നിന്നും മംഗളൂരുവിലേക്കും അഞ്ച് നദികൾ പിന്നിട്ട് 450 കിലോമീറ്റർ ദൂരത്തിൽ പ്രകൃതിവാതകം പൈപ്പ് ലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗെയിൽ (GAIL- Gas Authority of India Ltd). ഈ പദ്ധതി ഉപയോഗപ്പെടുത്തി 11 ജില്ലകളിൽ പാചകവാതകം ഉൾപ്പെടെ പ്രകൃതിവാതകം വിതരണം ചെയ്യുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ്. സംസ്ഥാനത്ത് ഇതുവരെ 8864 ഗാർഹിക കണക്ഷനുകൾ നൽകിക്കഴിഞ്ഞു.
അടുക്കളയിൽ പാചകവാതകവും(പിഎൻജി) വാഹനങ്ങളിൽ പ്രകൃതി വാതകവും(സിഎൻജി) ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി 11 ജില്ലകളിൽ 503 കിലോമീറ്റർ ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ശൃംഖല ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ലൈനിലൂടെ പാചകവാതകം ലഭ്യമാകുമ്പോൾ ഇന്ധനചെലവ് 25 ശതമാനം കുറയുമെന്നതാണ് പദ്ധതിയുടെ നേട്ടം.
ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് പ്രകൃതിവാതകം ലഭിക്കും. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് പ്രെട്രോളിയം ആന്റ് നാച്യുറൽ ഗ്യാസ് റെുലേറ്ററി ബോർഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്പനിക്ക് പ്രകൃതിവാതകം നൽകാനായി എല്ലാ ജില്ലകളിലും സംവിധാനം ഗെയിൽ ഒരുക്കിയിട്ടുണ്ട്.
2026ഓടെ വിവിധ ജില്ലകളിലായി 615 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവർത്തികമാക്കുന്നതോടെ 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പ്രകൃതിവാതകം ലഭിക്കും. ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വാതക വിതരണ ഏജൻസിയായി അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് എന്ന കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്.
സാധാരണ ലഭ്യമാകുന്നതിനേക്കാൾ 30 ശതമാനം വിലക്കുറവിൽ വാതക പൈപ്പ്ലൈൻ പ്രകാരം ഗാർഹിക ഇന്ധനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ സവിശേഷത. ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് പ്രതിമാസ ബിൽ അടയ്ക്കേണ്ടത്. ദിനംപ്രതി പാചകവാതക, വാഹന ഇന്ധനങ്ങൾക്ക് വിലവർദ്ധിക്കുന്നത് താളംതെറ്റിക്കുന്ന ജീവിതങ്ങൾക്ക് വലിയ കൈതാങ്ങാണ് സിറ്റിഗ്യാസ് പദ്ധതി.