Spread the love

കോഴിക്കോട്: ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഭവത്തിൽ കഷ്ടത്തിലായത് ചികിത്സ തേടിയെത്തിയ രോ​ഗികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ് സർജൻ വൈകി എത്തിയത് മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിച്ചത്.

അര മണിക്കൂറോളമാണ് ഹൗസ് സർജൻമാർ ഏറ്റുമുട്ടിയത്. ഒട്ടേറെ രോ​ഗികൾ ഈ സമയത്ത് അത്യാഹിത വിഭാ​ഗത്തിൽ ചികിത്സ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നെഞ്ചു വേദനയുമായി എത്തിയ രോ​ഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ട അവസ്ഥ വരെയുണ്ടായി. അതോടെ ചികിത്സയ്ക്ക് കാത്തു നിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിലുള്ള വാക്കേറ്റവും അരങ്ങേറി.

ഒടുവിൽ മറ്റൊരു ഡോക്ടർ സ്ഥലത്തെത്തിയാണ് സംഘർഷത്തിനു അയവു വരുത്തിയത്. അനാവാശ്യ വിഷയങ്ങൾ കാരണം രോ​ഗികൾക്ക് ചികിത്സ വൈകിയത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നു ബീച്ചാശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി.

Leave a Reply