കോഴിക്കോട്: തൃശൂർ കേരളവർമ കോളജിലെ ജനാധിപത്യ അട്ടിമറിക്കെതിരെ തിരുവനന്തപുരത്തു പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ നടത്തിയ മർദനത്തിൽ പ്രതിഷേധിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാവൂർ റോഡ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കമ്മിഷണർ ഓഫിസ് പരിസരത്തു പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പിന്നീട് റോഡ് ഉപരോധിച്ച 13 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ടാലറിയാവുന്ന 3 പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, ഗൗജാ വിജയകുമാർ, സനോജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗങ്ങളായ അർജുൻ പൂനത്ത്, എ.കെ.ജാനിബ,് ഭാരവാഹികളായ എം.പി.രാഗിൻ, ആകാശ് കീഴാനി, മുആദ് നരിനട, ബിപിൽ കല്ലട, ഫുആദ് സുവീൻ, അഭിനന്ദ് താമരശ്ശേരി, ഋഷികേഷ് അമ്പലപ്പടി, തനിദേവ് കൂടംപൊയിൽ, സഹൽ കോക്കല്ലൂർ, അബി പെരുമണ്ണ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.