Spread the love

ഗുവാഹത്തി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം. അസം പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഗുവാഹത്തിയിലേക്ക് യാത്ര കടക്കാന്‍ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ പൊളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി രാഹുൽ ന്യായ് യാത്രാ ബസിനു മുകളിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞതെന്നാണ് വിവരം. തുടർന്ന് സംഘർഷമാവുകയായിരുന്നു. അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ നേരത്തേ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഗുവാഹത്തിയിൽ ഇന്ന് പ്രവൃത്തി ദിവസമാണെന്നും യാത്രയെ പ്രധാന നഗര റോഡുകളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാദിച്ച സംസ്ഥാന ഭരണകൂടം, ദേശീയ പാതയിലൂടെ പര്യടനം നടത്താൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം അസമിലെ സാമൂഹിക പരിഷ്കർത്താവും വൈഷ്ണവ സന്ന്യാസിയുമായ ശ്രീമന്ത ശങ്കർദേവയുടെ നൗഗാവിലെ ബട്ടദ്രവ സത്രത്തിൽ ദർശനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞതോടെ യാത്ര 2 മണിക്കൂറിലേറെ തടസ്സപ്പെട്ടു. അസം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ദർശനം തടഞ്ഞതെന്നു കോൺഗ്രസ് അറിയിച്ചു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനാൽ 3 മണിവരെ രാഹുൽ സത്രം സന്ദർശിക്കരുതെന്നാണ് സത്രാധികാരി ആവശ്യപ്പെട്ടത്.

ഞായറാഴ്ച, യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയതും സംഘർഷത്തിനു വഴിവച്ചിരുന്നു. തന്നെ തടയാനെത്തിയ ബിജെപി പ്രവർത്തകർക്കരികിലേക്കു ബസിൽ നിന്നിറങ്ങി രാഹുൽ ചെന്നതു സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത്പുർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം. സംഘർഷത്തിനിടെ അസം പിസിസി പ്രസിഡന്റ് ഭൂപേഷ് കുമാർ ബോറയുടെ മൂക്കിനു പരുക്കേറ്റു.

യാത്രയ്ക്കിടെ ജമുഗുരിഹാട്ടിൽ വച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപിക്കാർ തന്റെ വാഹനത്തിനു നേരെ വെള്ളക്കുപ്പികളെറിഞ്ഞെന്നും യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറിയെന്നും ജയറാം ആരോപിച്ചു.

Leave a Reply