കോഴിക്കോട് ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി . നിപ്പ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. ആശങ്കയകറ്റണമെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകള്‍ തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ എന്‍ഐടി അധികൃതരെ സമീപിച്ചിരുന്നു. കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്തതിനാല്‍ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവധി നല്‍കാനാവില്ലെന്നുമാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.
നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 23 വരെ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെ നിർദേശം ബാധകമാണ്.