സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനം ഉച്ചവരെ തന്നെ തുടരും. വൈകുന്നേരം വരെയാക്കാനുള്ള വിദ്യാഭ്യാസവകുപ്പിെൻറ നിർദേശത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം അനുമതി നൽകിയില്ല.
പുതിയ ഒമിക്രോൺ വൈറസ് ഭീഷണി വന്ന സാഹചര്യത്തിലാണ് സ്കൂൾ പ്രവൃത്തിസമയത്തിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിലെത്തി പഠിക്കാൻ അനുമതി നൽകാനും യോഗം തീരുമാനിച്ചു.
സ്കൂൾ സമയം വൈകുന്നേരം വരെയാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഡിസംബർ രണ്ടാം വാരം നടപ്പാക്കാനായിരുന്നു ധാരണ. ഈ തീരുമാനമാണ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടത്.