
കൊച്ചി: മാലിന്യം വിറ്റ് നേടിയത് അഞ്ച് കോടിയുടെ ലാഭം. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി തുടങ്ങിയ ക്ലീന്‍ കേരള കമ്പനിയാണ് ഈ നേട്ടം കൈവരിച്ചത്. 20 മാസം കൊണ്ടാണ് കമ്പനി അഞ്ചുകോടിയുടെ ലാഭം നേടിയത്. മാലിന്യം സമ്പത്താക്കി മാറ്റുന്നത് എഴുപ്പമുളള കാര്യമല്ല. എന്നാല്‍ മാലിന്യ സംസ്‌ക്കരണത്തിലൂടെ വിജയിച്ച ചുരുക്കം ചില സംരംഭങ്ങളില്‍ ഒന്നാണ് സികെസിഎല്‍. ലാഭ വിഹിതം പുറത്തുവിട്ടത് മാനേജിങ് ഡയറക്ടര്‍ സുരേഷ് കുമാറാണ്.
പ്ലാസ്റ്റിക്ക്, ഗ്ലാസ്, ഈ വേസ്റ്റ് എന്നിവയില്‍ നിന്നും 7,382 ടണ്‍ മാലിന്യങ്ങളാണ് ശേഖരിച്ചത്. 2021 ജനുവരി മുതല്‍ 2022 ഓഗസ്റ്റ് വരെ ഹരിത കര്‍മ സേനയുടെ സഹായത്തോടെയാണ് സംസ്ഥാനത്തുനിന്നും മാലിന്യം ശേഖരിച്ചത്. മാലിന്യ ശേഖരണത്തിനുശേഷം അവ വൃത്തിയാക്കി സംസ്ഥാനത്ത് അകത്തും പുറത്തുമുളള കമ്പനികള്‍ക്ക് വിറ്റു. 2021 ജനുവരി മുതല്‍ 20 മാസത്തേക്കായി സികെസിഎല്‍ കമ്പനി മാലിന്യ ശേഖരണത്തിനായി 4.5 കോടി രൂപ ഹരിത കര്‍മസേനയ്ക്ക് നല്‍കിയതായി ഡയറക്ടര്‍ വ്യക്തമാക്കി.