
ബെംഗളൂരു ∙ ദലിത് വിഭാഗക്കാരൻ ഗ്രാമത്തിൽ പ്രവേശിച്ചതിന്റെ പേരിൽ ചിക്കമഗളൂരുവിൽ ശുദ്ധികലശത്തിനായി അടച്ചിട്ട 2 ക്ഷേത്രങ്ങളിലൊന്നിന്റെ പൂട്ടുപൊളിച്ചു കയറിയ ദലിത് സമുദായക്കാർ ഭരണഘടനയുടെ ആമുഖം വായിച്ചു. താരിക്കെരെ ജെരുമാറാഡി ഗ്രാമത്തിലെ രംഗനാഥ സ്വാമി ക്ഷേത്രത്തിലാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ദലിത് സംഘടനാ പ്രവർത്തകർ കയറിയത്.
അടച്ചിട്ടിരുന്ന ക്ഷേത്ര കവാട വാതിലിന്റെ താക്കോൽ നൽകാൻ പ്രദേശവാസികൾ വിസമ്മതിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ, എഎസ്പി എന്നിവരുടെ സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ചിലർ അടഞ്ഞു കിടന്ന ശ്രീകോവിലിനു മുന്നിൽ ആരാധനയും നടത്തി.
ജനുവരി ഒന്നിന് ജെരുമാറാഡിയിൽ വീടുപൊളിക്കുന്ന ജോലിക്കായി എത്തിയ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ മാരുതി (25) എന്ന ദലിത് സമുദായക്കാരനെ ഗ്രാമീണർ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു. ഗോല്ല സമുദായക്കാർ താമസിക്കുന്ന ഗ്രാമത്തിൽ പ്രവേശിച്ചതാണു പ്രകോപനം. മാരുതിയുടെ പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയും അക്രമികൾ പിടിച്ചുപറിച്ചെന്ന പരാതിയിൽ പൊലീസ് 15 പേർക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങൾ ശുദ്ധികലശത്തിനായി അടച്ചിട്ടത്.