Spread the love


ഒരു മാസത്തിനകം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി; വാക്സിനേഷൻ യജ്ഞവുമായി സംസ്ഥാന സർക്കാർ.


കോഴിക്കോട്: സംസ്ഥാനത്ത് വാക്സിനേഷൻ ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ സംസ്ഥാനത്ത് പകുതിയിലധികം പേർക്ക് വാക്സിനേഷൻ നൽകാൻ കഴി‍ഞ്ഞു. പുതിയ കണക്കനുസരിച്ച് മൂന്നേകാൽ ലക്ഷം വാക്സീൻ കയ്യിലുണ്ട്. കേന്ദ്രം ഈ മാസം 24 ലക്ഷം ഡോസ് വാക്സീൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 
എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുന്നതിനായി നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. സർക്കാർ നൽകുന്ന സൗജന്യ വാക്സീനു പുറമേ സ്വകാര്യ ആശുപത്രികൾക്കും വാക്സിനേഷൻ നടത്താൻ സൗകര്യമൊരുക്കും. ഇതിനായി സർക്കാരും സഹായിക്കും.
ചെറുകിട ആശുപത്രികളെ വാക്സീൻ വാങ്ങാനും സൂക്ഷിക്കാനും സഹായിക്കുന്നതിനോടൊപ്പം നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ ക്യാംപ് നടത്താൻ സ്ഥലവും സൗകര്യവുമൊരുക്കും. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വാക്സീൻ എത്തിക്കുന്നതിലൂടെ ഒരു മാസത്തിനകം സംസ്ഥാനം പ്രതിരോധശേഷി ആർജിച്ച സംസ്ഥാനമായി മാറും. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സംഘടനകളും സിഎസ്ആർ ഫണ്ടുപയോഗിച്ച് വാക്സീൻ വാങ്ങി നൽകാൻ സന്നദ്ധമായാൽ അവർക്ക് സ്വകാര്യ ആശുപത്രി മുഖേന വാക്സീൻ വിതരണത്തിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply