സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കനത്ത പോലീസ് സുരക്ഷയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പോലീസിന്റെ പ്രത്യേക ടീമിനെ വിമാനത്താവളത്തിന്റെ പ്രധാന കവാടത്തില്‍ നിയോഗിച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും മുഖ്യമന്ത്രി ഒരുവാക്കു പോലും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതിനിടയിലാണ് സ്വര്‍ണ കള്ളക്കടത്തു കേസില്‍ സ്വപ്‌നയും ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാനും മുഖ്യമന്ത്രിയുടെ സമീപത്തേക്ക് എത്താതിരിക്കാനുമുള്ള സംവിധാനമാണ് പോലീസ് ഒരുക്കിയിരുന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് മുഖ്യമന്ത്രി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോയത്.