കോഴിക്കോട്∙ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ ജയിലിൽ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കലക്ടറേറ്റിനുമുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.
‘അമ്മത്തൊട്ടിൽ’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ ‘അച്ഛൻതൊട്ടിൽ’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകൾ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകൾ വീണയോട് ‘മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്.’‘‘കാര്യങ്ങൾ വിശദീകരിക്കാൻ എം.വി. ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചാലും താൻ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം.വി.ഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കഴിവുള്ള അനേകം പേർ ഇരുന്നതാണ്. അതിൽനിന്ന് എം.വി.ഗോവിന്ദൻ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ശാപം.’
‘‘ധനാഢ്യൻമാർക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യിൽ വയ്ക്കാൻ അനുമതി കൊടുത്തതിൽ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാൻ രഹസ്യ ചർച്ച നടത്തി. ഇവരുടെ ചർച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാൻ പാവപ്പെട്ടവർ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാർട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്.’
‘‘കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെ.കെ.ഷൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂർ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാൻ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കൾ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാൽ കാനം ഭയപ്പെടുന്നതെന്തിനാണ്?’
‘‘കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആർക്കുമറിയില്ല. കർത്ത നടത്തുന്നത് ഉണക്കമീൻ കച്ചവടമല്ല. ആണവ റിയാക്ടർവരെ പ്രവർത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്. ഇതിന് എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനത്തിന് അനുമതി കൊടുക്കുന്നില്ല. കരിമണൽ കർത്തയ്ക്ക് കരിമണൽ ഖനനം തീറെഴുതിക്കൊടുത്തിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ പാർട്ടിക്കാർ തയാറല്ല. കരിമണൽ കർത്ത വീണയ്ക്ക് ആവശ്യമുള്ള പണം കൊടുത്തു. ഈ പണം ബാങ്ക് വഴിയാണു കിട്ടിയത് എന്ന് ഒരു മടിയുമില്ലാതെ പറയുന്നു.’
‘‘ഇതു കൺസൽട്ടൻസി തുകയാണെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. മുതലാളിത്തത്തെ അനുകൂലിച്ച് എവിടെയൊക്കെ കൺസൽട്ടൻസികളുണ്ടോ അതു കമ്യൂണിസത്തിന് അപചയമാണെന്നാണ് പാർട്ടി തത്വം. പിന്നെങ്ങനെയാണ് ഗോവിന്ദൻ വീണയുടെ വിവാദത്തിൽ ‘അതെല്ലാം രണ്ട് കമ്പനികളുടെ കൺസൽട്ടൻസികളാണെ’ന്ന് പറഞ്ഞത്. ഇതൊക്കെ ‘കമ്പനികൾ മാത്രമറിഞ്ഞാൽ മതിയെന്നും നാട്ടുകാരറിയേണ്ട കാര്യമല്ലെ’ന്നും എം.വി.ഗോവിന്ദൻ പറയാൻ കാരണം അദ്ദേഹത്തിന് പാർട്ടി സെക്രട്ടറി കസേരയിൽ കുറച്ചുകാലമിരിക്കണം എന്ന മോഹമുള്ളതുകൊണ്ടാണ്. എന്നാൽ അതു നടക്കില്ല.’
‘‘പിണറായിലെ പാറപ്പുറത്ത് കോരേട്ടനുണ്ടാക്കിയ ഭൂമി വിറ്റ് വീണയ്ക്ക് സ്വർണം വാങ്ങികൊടുക്കാൻ പിണറായി വിജയനു പറ്റും. പക്ഷേ കടലോരത്തെ പാവപ്പെട്ട മനുഷ്യരുടെ കുടിലുകൾ നഷ്ടപ്പെടുത്തി കരിമണൽ കർത്തയെ വലിയ ആളാക്കി മാറ്റിയിട്ട് കോടിക്കണക്കിന് രൂപ എണ്ണിവാങ്ങാൻ പാടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണങ്ങൾക്ക് കേരളത്തിലെ നേതാക്കൾ മറുപടി പറഞ്ഞാൽ മതിയെന്നാണ് യച്ചൂരിയുടെ നിലപാടെങ്കിൽ പാർട്ടിക്ക് ഒരു ദേശീയകമ്മിറ്റി എന്തിനാണ്?’മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വി.എസ്. അച്യുതാനന്ദൻ നടന്നുവരുമ്പോൾ അഭ്യസ്തരായവർ എഴുന്നേറ്റുനിന്ന് ആദരിച്ചിരുന്നു. അഴിമതി അനുവദിക്കില്ലെന്ന ശക്തമായ നിലപാടുള്ളയാളായിരുന്നു വിഎസ്. എന്നാൽ ഇന്ന് വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെപ്പോലുള്ളവരെ കാണുമ്പോൾ ‘ഈ ഭരണമൊന്ന് അവസാനിച്ചെങ്കിലെ’ന്നാണ് അഭ്യസ്ഥവിദ്യർ കരുതുന്നത്. വീണ വിജയനെതിരെ അന്വേഷണം നടക്കുകയാണ്. ‘അത് ഒരു മോളല്ലേ’ എന്നു ചോദിച്ച് രക്ഷിക്കാനാണ് ഇ.പി.ജയരാജന്റെ ശ്രമം. ഇ.പി.ജയരാജന്റെ മകനെതിരെയും ഡൽഹിയിൽനിന്ന് അന്വേഷണം വരുന്നുണ്ട്. എത്ര കൈകോർത്ത് പിടിച്ചാലും ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.