ന്യൂഡൽഹി∙ ഡൽഹി അലിപുരിൽ കൽക്കരി കത്തിച്ച പുക ശ്വസിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തണുപ്പകറ്റാനാണ് കൽക്കരി കത്തിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരണപ്പെട്ടത്.
ബിഹാർ സ്വദേശിയായ രാകേഷ് ടാങ്കർ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വാതിലും ജനാലകളും അടച്ചിട്ട് കൽക്കരി (അങ്കിതി) കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവികുമാർ സിങ് അറിയിച്ചു. നേരത്തേ കൽക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.