
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ മൂർഖൻ ഭീതി തുടരുന്നു. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഒരു മൂർഖൻ കുഞ്ഞിനെക്കൂടി പിടികൂടി. പഴയ ഓപ്പറേഷൻ തിയേറ്റർ മുറിക്കുസമീപത്തുനിന്ന് ജീവനക്കാർ ചേർന്നാണ് ഇതിനെ പിടിച്ചത്. ഇതോടെ ഇവിടെ നിന്ന് പിടിച്ച പാമ്പിൻ കുഞ്ഞുങ്ങളുടെ എണ്ണം 18 ആയി.
പാമ്പിൻ കുഞ്ഞുങ്ങൾ അകത്തേക്ക് വന്നതെന്ന് കരുതുന്ന പഴയ ഓപ്പറേഷൻ തിയേറ്ററിന് സമീപത്തെ റാമ്പിൽ ശനിയാഴ്ച വല സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണിത്. ഞായറാഴ്ച ജില്ലാ ട്രോമാകെയറിന്റെയും മറ്റു സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ ശുചീകരണം നടത്തും.
കൂടാതെ കെട്ടിടങ്ങളുടെ പുറത്തും മറ്റുമുള്ള മാളങ്ങൾ സിമന്റ് ഉപയോഗിച്ച് അടയ്ക്കും. കാന്റീനിന് പിന്നിലടക്കമുള്ള പുൽക്കാടുകൾ കുറച്ചുകൂടി വൃത്തിയാക്കും. ആശുപത്രി അധികൃതരുടെ അഭ്യർഥനപ്രകാരമാണ് ട്രോമാകെയർ പ്രവർത്തകർ ഇക്കാര്യങ്ങൾ ചെയ്യുന്നത്. തിങ്കളാഴ്ച ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരവും ആശുപത്രിയിൽ ശുചീകരണം നടത്തും. ഉപയോഗശൂന്യമായ സാധനങ്ങൾ കൂടിക്കിടക്കുന്നത് നീക്കംചെയ്യും.
കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ആദ്യമായി മൂർഖൻ കുഞ്ഞിനെക്കണ്ടത്. പിന്നീട് മൂന്ന് ദിവസത്തിനിടെയായി 10 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. ബുധനാഴ്ച ഒന്നിനെക്കൂടി ലഭിച്ചതോടെ മുഴുവൻ രോഗികളെയും മറ്റ് വാർഡുകളിലേക്ക് മാറ്റി സർജിക്കൽ വാർഡ് അടച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൂന്ന് വീതം പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തി.