Spread the love
തേങ്ങയ്ക്ക്‌ താങ്ങ്‌: പച്ചത്തേങ്ങ സംഭരണം അഞ്ചുമുതൽ

തിരുവനന്തപുരം: നാളികേര വിലയിടിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് കിലോഗ്രാമിന് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചു. നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കേരഫെഡ്, നാളികേരവികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതല സമിതികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാൻ കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് പച്ചത്തേങ്ങ വിലയും കൊപ്രവിലയും താങ്ങുവിലയെക്കാൾ താഴ്ന്നത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 32 രൂപയാണ് നിശ്ചയിച്ചതെങ്കിലും വിപണിയിൽ കർഷകർക്ക് 29 രൂപയാണ് കിട്ടുന്നത്. കൊപ്രയ്ക്ക് 10,590 രൂപ താങ്ങുവിലയുണ്ടെങ്കിലും 10,000 രൂപയാണ് കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി പി. പ്രസാദ് അടിയന്തരയോഗം വിളിച്ചത്.

കാർഷികോത്പാദന കമ്മിഷണർ ടിങ്കു ബിസ്വാൾ, കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ അനില മാത്യു, കേരഫെഡ് മാനേജിങ് ഡയറക്ടർ ആർ. അശോക്, നാഫെഡ്, നാളികേരവികസന കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply