രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക.
നാണയങ്ങളുടെ വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്, റിസര്‍വ് ബാങ്ക് ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നാണയം എടുക്കേണ്ടത്. എത്ര നാണയങ്ങങ്ങള്‍ വേണമെങ്കിലും ഉപഭോക്താവിന് സ്‌കാന്‍ ചെയ്‌തെടുക്കാം നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയും അതുവഴി ചെലവും കുറയ്ക്കാം.