
തൊടുപുഴ ∙ റിപ്പബ്ലിക് ദിനവും തമിഴ്നാട്ടിൽ തൈപ്പൂയ ഉത്സവ അവധിയും ആയതോടെ ഇന്നലെ മുതൽ തന്നെ ജില്ലയിലെ തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി . ഇന്നും നാളെയും ഞായറാഴ്ചയുമായി മൂന്നു ദിവസത്തെ അവധി ലഭിക്കുന്നതോടെ വിനോദസഞ്ചാരികൾ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്.
വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂർ – കാന്തല്ലൂർ മേഖലയിലേക്ക് ഈ ദിവസങ്ങളിൽ വൻതിരക്കാണ്. തണുപ്പുകാലം മാറി മറ്റു പ്രദേശങ്ങളിൽ ചൂടു കൂടുമ്പോഴും മറയൂർ – കാന്തല്ലൂർ പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. തേക്കടിയിലും അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട് . തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഒട്ടേറെ തമിഴ് വിനോദസഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. മൂന്നു ദിവസത്തെ അവധി മുന്നിൽ കണ്ട് മൂന്നാറിൽ 60 ശതമാനം റൂമുകളും നേരത്തെ തന്നെ ബുക്കിങ് നടന്നു.
തൈപ്പൂയം, റിപ്പബ്ലിക് അവധികൾ ഒരുമിച്ചു വന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് മൂന്നാറിലും കൂടുതലായി എത്തുന്നത്. കേരള, തമിഴ് സഞ്ചാരികൾ ഏറെ പ്രിയപ്പെട്ട വാഗമൺ ഈ അവധി ദിവസങ്ങളിലും ടൂറിസ്റ്റുകളെ കൊണ്ട് നിറയുമെന്നാണ് പ്രതീക്ഷ. ചില്ലുപാലം അടക്കമുള്ള കൗതുകക്കാഴ്ചകൾ കൂടിയായതോടെ വാഗമണ്ണിൽ തിരക്കൊഴിയാത്ത സ്ഥിതിയാണ്. ഓരോ അവധി ദിവസങ്ങളിലും വൻ തിരക്കാണ് വാഗമണ്ണിലെ വിവിധ വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകാറുള്ളത്.