സംസ്ഥാനത്ത് കോളേജുകൾ നാളെ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ് നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തുകയും കോളേജുകൾ അണുനശീകരണം പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്.
അഞ്ചും ആറും സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളുമാണ് നാളെ മുതൽ ആരംഭിക്കുന്നത്. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായി പ്രതേക ബാച്ചുകാളായുമാണ് നടത്തുന്നത്.
ക്ലാസ്സുകളുടെ സമയക്രമം കോളേജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്റ്റിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.