Spread the love

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ട്രെയിലർ എത്തി. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയിലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. വളരെ തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ തരുന്ന സൂചന. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’.

മുത്തങ്ങയിൽ ആദിവാസികൾ നടത്തിയ ഭൂസമരവും അതിനെ തുടർന്ന് ഉണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്യ സലിം ആകും ചിത്രത്തിൽ സി.കെ. ജാനുവായി എത്തുക. മുത്തങ്ങാ വെടിവെപ്പുമായി ബന്ധപ്പെട്ടു മലയാളത്തിൽ ഇറങ്ങിയ സിനിമയായിരുന്നു മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ. ‘നരിവേട്ട’ ഇതിന്റെ പച്ചയായ യാഥാർഥ്യമാകും തുറന്നുകാട്ടുക.

താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം തുടങ്ങിയ ഘടകങ്ങളിലും ട്രെയ്‌ലർ മികച്ചു നിൽക്കുന്നുണ്ട്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ, നോബിൾ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ജേക്സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം. ബാദുഷ, ഛായാഗ്രഹണം വിജയ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട്‌ ബാവ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി, പിആർഒ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ് വിഷ്ണു പി.സി., സ്റ്റീൽസ് ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്. മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിനെത്തും.

Leave a Reply