
ചെർപ്പുളശ്ശേരി: നിർമാണപ്രവൃത്തികൾ മുന്നേറുന്ന മുണ്ടൂർ-തൂത നാലുവരിപ്പാതയിൽ വീതി കുറവായ തൂതപ്പാലത്തിന് സമാന്തരമായി രണ്ടാംപാലത്തിന്റെ നിർമാണത്തിന് പച്ചക്കൊടി. തൂതപ്പാലത്തിന് സമീപംതന്നെ പുതിയ പാലം നിർമിക്കുന്നതിനാണ് നിർദേശം. പാലക്കാട്-മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂതപ്പാലത്തിന് കാലപ്പഴക്കമേറെയുണ്ട്. നാലുവരിപ്പാതയുടെ പ്രയോജനം പൂർണമാവണമെങ്കിൽ പുതിയ പാലം വേണമെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പുതിയ പാലം നിർമിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് തുറന്നുകൊടുത്ത പാലത്തിന് വീതി കുറവാണ്. നടപ്പാതയുമില്ല. എതിർദിശയിൽ വലിയ വാഹനങ്ങൾ ഒരേസമയം പാലത്തിൽ പ്രവേശിച്ചാൽ ഞെരുങ്ങിയാണ് മറികടക്കുന്നത്. വർഷങ്ങൾക്കുമുമ്പ് പ്രതലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ പാലം അടച്ചിടേണ്ട സാഹചര്യവുമുണ്ടായി. പ്രതലം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയാണ് വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തത്.
തിരക്കൊഴിയാത്ത തൂതപ്പാലത്തിന് ഇരുഭാഗങ്ങളിലായാണ് തൂത അങ്ങാടി. ഇരുകരകളിലായുള്ള ചെർപ്പുളശ്ശേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലുമായാണ് പാലം. പരിസരത്തെ വ്യാപാരകേന്ദ്രങ്ങൾ… ദൈനംദിനാവശ്യങ്ങൾക്ക് പാലം മറികടക്കേണ്ടവരുമേറെ. മണിക്കൂറിൽ ആയിരത്തോളം വാഹനങ്ങൾ തൂതപ്പാലം വഴി കടന്നുപോകുന്നുണ്ട്. ചരക്കുലോറികളും ബസ്സുകളും പോലുള്ള വലിയ വാഹനങ്ങൾക്ക് ഈ പാതയിലൂടെയുള്ള യാത്ര ദുസ്സഹമാണ്.
മുണ്ടൂർ മുതൽ തൂതപ്പാലം വരെ 37 കിലോമീറ്റർ വരും. ഇത്രയും ദൂരം 19 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്ന പ്രവൃത്തിയാണ് പുരോഗമിച്ചുവരുന്നത്. റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെയടക്കം സഹായത്തോടെ 364 കോടിരൂപ ചെലവിട്ടാണ് പദ്ധതിനിർവഹണം. പൊതുമരാമത്ത് വിഭാഗത്തിന്റെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിലുൾപ്പെടുത്തിയാണ് നിർമാണം ആരംഭിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ യാത്രാക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ കൂടിയാണ് മുണ്ടൂർ-തൂത നാലുവരിപ്പാത നിർമാണം നടപ്പാക്കുന്നത്. കോഴിക്കോട്-പാലക്കാട് ഗതാഗതത്തിന് 10 കിലോമീറ്റർ ദൂരക്കുറവുള്ള പ്രധാനപാതയുമാണിത്.
റോഡുനിർമാണം പലയിടങ്ങളിലായി മുന്നേറുകയാണ്. എന്നാൽ വായില്യാംകുന്ന്, പെരിങ്ങോട്, മംഗലാംകുന്ന്, കച്ചേരിക്കുന്ന് തുടങ്ങിയ മേഖലകളിൽ 12 കിലാമീറ്ററോളം ഭാഗത്ത് റോഡിന്റെ വീതി കുറവാണ്. സ്ഥലം ലഭ്യമായില്ലെങ്കിൽ വീതികുറഞ്ഞ ഇടങ്ങളിൽ റോഡ് രണ്ടുവരിയായി ചുരുങ്ങുന്ന സ്ഥിതിയുണ്ടാകും. റോഡിനിരുവശവും അഴുക്കുചാൽ നിർമാണം ഉൾപ്പെടെ പുരോഗമിച്ചുവരികയാണ്. റോഡുവികസനത്തിന്റെ ഭാഗമായി 112 കലുങ്കുകളും അഞ്ച് പാലങ്ങളും നിർമിക്കും.